64 കോടി വരുമാനത്തോടെ കെഎസ്ആര്‍ടിസിയുടെ ടൂറിസ്റ്റ് പദ്ധതി വൻ ഹിറ്റ്
ടിക്കറ്റ് ഇതര വരുമാനവും വിനോദസഞ്ചാര മേഖലയും ലക്ഷ്യമാക്കി കെഎസ്ആര്‍ടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി വൻ വിജയം . 2021 നവംബറിൽ ആരംഭിച്ച പദ്ധതി 2025 ഫെബ്രുവരി വരെ 64.98 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് എത്തിച്ചത്. ഏകദേശം മൂന്നര ലക്ഷം യാത്രക്കാരാണ് വിവിധ ടൂര്‍ പാക്കേജുകൾക്ക് ഭാഗമായത്. 52 ടൂറിസ്റ്റ് ദിശകളിലേക്ക് യാത്രകൾ നടത്തുന്ന കെഎസ്ആര്‍ടിസി, തമിഴ്നാട്, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്, റെയിൽവേയുടെ ഐആര്‍സിടിസി എന്നിവയുമായി ചേർന്ന് ഓള് ഇന്ത്യ ടൂര്‍ പാക്കേജുകൾ ആസൂത്രണം ചെയ്യുകയാണ്. കൂടാതെ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്കായി കുറഞ്ഞ ചെലവിൽ താമസസൗകര്യങ്ങൾ ഒരുക്കാൻ സ്വകാര്യ സംരംഭകരുമായി സഹകരിക്കാൻ കെഎസ്ആര്‍ടിസി പദ്ധതിയിടുന്നു. അതിനിടെ, ട്രാവൽ കാർഡ് സംവിധാനം വീണ്ടും നടപ്പാക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. തുടക്കത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രവർത്തനം ആരംഭിക്കും. 100 രൂപയ്ക്ക് ലഭിക്കുന്ന ട്രാവല്‍ കാര്‍ഡിൽ 50 മുതൽ 2000 രൂപ വരെയുള്ള റീചാര്‍ജ് സൗകര്യവും ഉണ്ടായിരിക്കും. കാര്‍ഡ് ഉടമ മാത്രം ഉപയോഗിക്കേണ്ടതില്ല എന്നതും ഇതിന്റെ ജനപ്രിയത കൂട്ടും. കണ്ടക്ടർമാർക്കാണ് കാര്‍ഡ് വിതരണവും, ഓരോ കാര്‍ഡിനും 10 രൂപയുടെ കമ്മീഷനും ലഭിക്കും. നിലവിൽ ആറ് ജില്ലകളിൽ പുതിയ ടിക്കറ്റ് മെഷീനുകൾ വിതരണം ചെയ്തതും, രണ്ട് മാസത്തിനകം സംസ്ഥാനം മുഴുവൻ വിതരണം പൂർത്തിയാക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. മുമ്പ് രണ്ട് തവണ പദ്ധതി നടപ്പാക്കാനുള്ള ശ്രമം സാങ്കേതിക തടസ്സങ്ങൾ കാരണം പരാജയപ്പെട്ടിരുന്നുവെങ്കിലും ഈ പ്രാവശ്യം മെച്ചപ്പെട്ട സംവിധാനങ്ങളോടെയാകും നടപ്പാക്കുക. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനവും സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലേക്കും വ്യാപിപ്പിക്കാൻ തയ്യാറെടുപ്പിലാണെന്നും അധികൃതർ വ്യക്തമാക്കി.